സൗന്ദര്യം വികൃതമാക്കുന്ന സ്കിൻ അലർജി
അടുത്തിടെ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടിക്ക് ശരീരത്തിൽ വെയിലേറ്റ് ചുവപ്പുനിറത്തിലുള്ള തടിപ്പുകളുണ്ടായതിനാൽ അമിതമായ വെയിലേറ്റാലോ തണുപ്പേറ്റാലോ തനിക്ക് അഭിനയിക്കാനാവില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങിൽ പങ്കെടുക്കാതെ മടങ്ങിപ്പോകേണ്ടി വന്ന സന്ദർഭമുണ്ടായി. ഇത് സിനിമ നടികൾക്കുമാത്രമല്ല സാധാരണ പെൺകുട്ടികൾക്കും അമിത വെയിലോ തണുപ്പോ തട്ടിയാലുണ്ടാവുന്ന പ്രതിഭാസമാണ്. ഇതെങ്ങനെ സംഭവിക്കുന്നു? ഇതിനെന്താണ് പ്രതിവിധി
ഈ സ്കിൻ അലർജി നടിമാരെ മാത്രമല്ല സാധാരണക്കാരായ പലരേയും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇത്തരക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന് പ്രധാനകാരണം ഇഷ്ടാനുസരണം ബട്ടി പാർലറുകളിൽ സന്ദർശനം നടത്തുന്നതും, മഞ്ഞൾ, കുങ്കുമം, പുകവലി എന്നിങ്ങനെ പലതാണ്.
സ്കിൻ അലർജിക്ക് "വിറ്റാമിൻസി'യുടെ കുറവ്, പോഷകക്കുറവ്, കോസ്മെറ്റിക്ക് വസ്തുക്കൾ, വാസനദ്രവ്യങ്ങൾ, അമിത സുഗന്ധമുള്ള പൗഡറുകൾ, മസാല ചേർത്ത ഭക്ഷണങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പല കാരണങ്ങളുണ്ട്. ഈ കാരണങ്ങളാൽ നമ്മൾ പുറത്തുപോകുമ്പോൾ അൾട്രാവയലറ്റ് രശ്മികളെ തന്നിലേക്ക് ആകർഷിക്കാൻ ശക്തിയുള്ളവയാണ്. അതുകാരണം ചർമ്മത്തിൽ അവിടവിടെ ചുവക്കുക, മുതുകത്ത് പുള്ളികൾ ഉണ്ടാവുക, ചർമ്മത്തിൽ വെള്ളനിറത്തിൽ തേമൽപോലെ വന്ന് ചൊറിച്ചിലുണ്ടാക്കുക, ഈ വെള്ളതേമൽ കറുപ്പായി മാറുക, ചുണ്ടിൽ നീല, വൈലറ്റ് നിറങ്ങളിൽ തിട്ടുകൾ പ്രത്യക്ഷപ്പെടുക എന്നിത്യാദികളുണ്ടാവാം. സ്ത്രീകൾ തങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയാണെന്ന് കരുതി പാർലറുകളിൽ ഫേഷ്യൽ, ബ്ലാക്ക് ഹെഡ്സ് റിമൂവൽ എന്നിവയൊക്കെ നടത്തി മുഖത്തെ എണ്ണമയം പൂർണ്ണമായും എടുത്തുകളയുന്നു. അങ്ങനെ എടുക്കുമ്പോഴാണ് മുഖത്ത് ചുളിവ്, പ്രായം തോന്നൽ, "ഹൈപർ പിഗ്മെന്റേഷൻ' എന്നീ പ്രശ്നങ്ങൾ വന്നുതുടങ്ങുക. ചർമ്മത്തിന്റെ സ്വാഭാവികമായ നിറം കൂടുതൽ ഡാർക്കാവുകയും ചെയ്യും. അതുകൊണ്ട് ശരീരഘടന, ഹോർമോൺ മാറ്റങ്ങൾ എന്നിവയുടെ മാറ്റങ്ങൾക്കനുസൃതമായി, സ്വാഭാവികമായി എണ്ണ ചുരക്കുന്നതിനെ നമ്മൾ മാറ്റാൻ ശ്രമിക്കരുത്. രണ്ടാമത്തെ പ്രധാനകാരണം മുടിക്ക് ഡൈ ഉപയോഗിക്കുന്നതാണ്. തലയിൽ പൂശുന്ന ഡെ, ചർമ്മത്തിന് എങ്ങനെയാണ് ദോഷമുണ്ടാക്കുക എന്ന് തോന്നാം. തലയിൽ പൂശുന്ന ഡൈകളിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ രോമകാലുകളിലൂടെ രക്തത്തിൽ കലർന്ന്, ശരീരത്തിലെ ആന്തരിക അവയവങ്ങൾക്കുപോലും കേടുവരുത്തുന്ന അപകടം പതിയിരിക്കുന്നു. ഇതും സൂര്യപ്രകാശത്തിലേക്ക് പോകുമ്പോൾ ചർമ്മത്തിന് ദോഷമുണ്ടാക്കുന്നു. മഞ്ഞൾ കലർന്ന കുങ്കുമം പോലും വെയിലത്തുപോകുമ്പോൾ ഉപയോഗിക്കാൻ പാടില്ല.
ഇനി സൂര്യരശ്മികളിലൂടെ മാത്രമേ അലർജിയുണ്ടാവൂ എന്നില്ല. ഏതുതരം പ്രകാശത്തിലൂടെയും അലർജിയുണ്ടാവാം. ക്യാമറയുടെ ഫ്ളാഷ്ണലൈറ്റിന്റെ പ്രകാശം അധികം ഏൽക്കേണ്ടിവരുന്ന നടീനടന്മാർ, അമിതപ്രകാശം വിതറുന്ന ഹൈവോൾട്ടേജ് ലൈറ്റുകൾക്കുമുന്നിൽനിന്ന് ജോലിചെയ്യുന്നവർ ഇവർക്കൊക്കെ ചർമ്മരോഗങ്ങളുണ്ടാവാം. അതുപോലെ കാറ്റിൽ പറക്കുന്ന പൊടി ഉൾപ്പെടെയുള്ള മാലിന്യങ്ങളാലും ചർമ്മത്തിന് ദോഷമുണ്ടാവും. സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവർക്കും അറിയാം. എന്നാൽ സിഗരറ്റുകാരണം ചർമ്മ രോഗങ്ങളുണ്ടാവുമെന്ന് പലർക്കും അറിഞ്ഞുകൂടാ. സിഗരറ്റിൽ അടങ്ങിയിട്ടുളള നിക്കോട്ടിൻ രക്തത്തിൽ കലർന്ന് ശരീരമാകെ പടർന്ന് ചർമ്മത്തെ പെട്ടെന്ന് കറുപ്പാക്കി മാറ്റും. മാത്രമല്ല നമ്മുടെ ശരീരത്തിലെ വിറ്റാമിൻ ബി-5 കുറയുകയും ചർമ്മത്തെ സെൻസിറ്റീവാക്കി മാറ്റുകയും ചെയ്യും. ഇനി ചർമ്മരോഗങ്ങളിൽനിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം. ആന്റി ഓക്സിഡന്റുകൾ അധികമുള്ള ഭക്ഷണം ധാരാളം കഴിക്കണം. ദിനംപ്രതി ഒരുഗ്രാം വീതമെങ്കിലും വിറ്റാമിൻ സി കഴിക്കേണ്ടതാണ്. നെല്ലിക്കയിൽ "വിറ്റാമിൻ സി' സമൃദ്ധമായിട്ടുണ്ട്. മുട്ട, മീൻ എന്നിവയിലുള്ള "വിറ്റാമിൻ എ'യും നമ്മുടെ ശരീരത്തിലുള്ള ആന്റി ഓക്സിഡന്റുകളെ വർദ്ധിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഇവ നമ്മുടെ ശരീരത്തിനകത്തേക്ക് നൽകേണ്ടവയാണ്. പുറമേയ്ക്കുള്ള പരിചരണത്തെ സംബന്ധിച്ചിടത്തോളം എസ്.പി.എഫ് 15 എന്ന അളവിലുള്ള സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാവുന്നതാണ്. വെയിലത്ത് പോകുന്നതിന് അരമണിക്കൂർ മുമ്പായി ഈ ലോഷൻ പുരട്ടുന്നതും, ചർമ്മത്തിന് ദോഷമുണ്ടാക്കുന്ന സൂര്യരശ്മികൾ അധികമുള്ള പകൽ 11 മുതൽ 3 മണിവരെയുള്ള സമയത്ത് അധികം പുറത്ത് നടക്കാതിരിക്കുന്നതും നല്ലതാ ണ്. സൺസ്കീൻ ലോഷൻ രണ്ട് മണിക്കൂറിലൊരിക്കൽ മുഖം കഴുകി വീണ്ടും അപ്ലേ ചെയ്യേണ്ടതാണ്. സൂര്യൻ നമ്മുടെ ശത്രുവല്ല. യഥാർത്ഥത്തിൽ വിറ്റാമിൻ ഡിയുടെ നിർമ്മാതാവ് തന്നെ സൂര്യപ്രകാശമാണ്. സൂര്യ പ്രകാശത്തിൽനിന്നും കിട്ടുന്ന വിറ്റാമിൻ ഡി നമ്മുടെ എല്ലുകൾക്ക് ബലമേകുന്നു. ഈ വിറ്റാമിൻ കിട്ടിയില്ലെങ്കിൽ എല്ല് മുറിയുക, മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങളു ണ്ടാവും. വിറ്റാമിൻ ഡി പ്രഭാതവേളയിലെ സൂര്യപ്രകാശത്തിൽ നിന്നും നമുക്ക് സമൃദ്ധമായികിട്ടുന്നു. അതുകൊണ്ട് ഈ സമയത്ത് ആവശ്യമുള്ള സൂര്യപ്രകാശം സ്വീകരിച്ച് സൂര്യന്റെ താപത്തിൽ നിന്നും ചർമ്മത്തെ കാത്തുകൊള്ളണ്ടതാണ്.
0 Comments