വേനൽക്കാല ഭക്ഷണം
ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ ദിവസവും രാവിലെ എട്ടുമണിമുതൽ വൈകുന്നേരം ആറുമണിവരെ വെള്ളം അധികം കുടിക്കുക. ഒരു ദിവസത്തിൽ കുറഞ്ഞത് 15 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിന് ആവശ്യമുള്ള നീരസത്ത് ലഭിക്കുന്നതോടൊപ്പം ശരീരത്തിൽ എപ്പോഴും തണുപ്പും നിലനിൽക്കും.
വിയർപ്പ് അമിതമായിട്ടുണ്ടാവുമ്പോൾ, ശരീരത്തിലെ ഉപ്പുരസത്തിന്റെ അളവ് കുറഞ്ഞ് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. അതുകൊണ്ട് മധുരമുള്ള പാനീയങ്ങൾക്കുപകരം ഉപ്പിട്ട മോര്, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കാം.
ശരീരത്തിലുള്ള ജലാംശം വിയർപ്പായി പുറത്തു പോകുന്നതിനാൽ വെള്ളത്തിന്റെ അളവ് കുറയുന്നതു കാരണം മൂത്രം കട്ടിയായി മൂത്രതടസ്സം ഉണ്ടാവാം. മൂത്രത്തെ വർദ്ധിപ്പിക്കുന്ന തണ്ണിമത്തൻ അധികം കഴിക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി.
പാൽ, ചീര, എള്ള്, മീൻ എന്നിവ കഴിക്കുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ള കാത്സ്യം ഓക്സിലൈറ്റ് മൂത്രക്കുഴലിൽ തങ്ങി കല്ലായി മാറാനുള്ള സാദ്ധ്യതയുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിച്ചാൽ ആപത്തുകുറയും.
ജലാംശം ധാരാളമുള്ള ചുരക്കായ്, പീച്ചിങ്ങ, വെള്ളരിക്ക, മുള്ളങ്കി, ഇളവൻ എന്നിവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
വേനൽക്കാലത്ത് നമ്മുടെ ശരീരം പുറമെയുള്ള ചൂടിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നതുകൊണ്ട് അകത്തേക്ക് കഴിക്കുന്ന ഭക്ഷണം സാത്വികമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഭക്ഷണത്തിൽ എരിവും മസാലയും വേണ്ട. വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങളും ശീതളപാനീയങ്ങളും വർജ്ജിക്കുക.
0 Comments