ബാല്യം മുതൽ മുടി പരിചരിക്കണം
കുട്ടി ജനിച്ചതുമുതൽ തലമുടിയെ ആരോഗ്യകരമായി പരിചരിച്ചുപോന്നാൽ പ്രായമായാലും മുടി ബലമുള്ളതും ഭംഗിയാർന്നതുമായിരിക്കും. പണ്ടാക്കെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കുവേണ്ടി പാരമ്പര്യരീതിയിൽ കുട്ടികളെ എണ്ണതേച്ച് കുളിപ്പിക്കുമായിരുന്നു. എണ്ണ തേച്ചാൽ ചർമ്മത്തിന് മൃദുലതയും തിളക്കവും വർദ്ധിച്ച് ശരീരത്തിന് നവോന്മേഷം കിട്ടും എന്നതാണ് വാസ്തവം. ചർമ്മവും മുടിയും വരണ്ടു പോകാതിരിക്കാൻ എണ്ണ പ്രയോജനപ്പെടുന്നു.
ജനിച്ച് 45 ദിവസം തികഞ്ഞ കുഞ്ഞിന് ദിവസവും രാവിലെ ഉച്ചിയിൽ ഒരു തുള്ളി വിളക്കെണ്ണ വെയ്ക്കുന്നത് പതിവാക്കണം. അതുകൊണ്ട് മുടിയുടെ വളർച്ചയെ തടസ്സപ്പെടുന്ന പൊറ്റകൾ വരാതെ സംരക്ഷിക്കപ്പെടുന്നതോടൊപ്പം മുടിയും ഇടതൂർന്ന് സമൃദ്ധമായി വളരാൻ തുടങ്ങും.
കുട്ടികൾക്കായി പ്രത്യേകം വിൽക്കപ്പെടുന്ന ചീപ്പുകൾ വാങ്ങിക്കുക. ജനിച്ച് 60 ദിവസം കഴിഞ്ഞ് കുട്ടിയുടെ തലയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം തല ചീകുന്ന ശീലം പതിവാക്കുക. അതുകൊണ്ട് തലയ്ക്ക് നല്ല രക്തയോട്ടം കിട്ടുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും.
പെൺകുട്ടികൾക്ക് മുടി നീളത്തിൽ വളരുമ്പോൾ വകിട് രണ്ടായി പിരിച്ച് ഇരട്ടപ്പിന്നലിട്ടാൽ മുടിയുടെ നീളവും കട്ടിയും കൂടും.
ആറുമാസം മുതൽ ഒരു വയസ്സ് തികയുംവരെ ആഴ്ചയിൽ രണ്ടുദിവസം എണ്ണ തേച്ച് കുളിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞാൽ റബ്ബർബാന്റുകൊണ്ട് മുടി ഇറുക്കി കെട്ടുന്നതും, മുടി മുകളിലോട്ട് ചീകുന്നതും നല്ലതല്ല. അങ്ങനെ ചെയ്താൽ നെറ്റിയുടെ ഭാഗത്തെ മുടിയുടെ വളർച്ചയ്ക്ക് തടസ്സം ഉണ്ടാകും.
രണ്ടുവയസ്സുമുതൽ ഓടികളിക്കുന്ന കുട്ടികൾക്ക് തലയിൽ വിയർപ്പ് മൂലം വിയർപ്പുകുരു ഉണ്ടാവുകയും മുടിയുടെ വളർച്ച മുരടിക്കുകയും ചെയ്യും എന്നതുകൊണ്ട് കുട്ടിയുടെ തല എപ്പോഴും വൃത്തിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
0 Comments