ചിരിക്കാം മുത്തുകൾ പോലുള്ള പല്ലുകൾ കാട്ടി

ചിരിക്കാം മുത്തുകൾ പോലുള്ള പല്ലുകൾ കാട്ടി

ഏതൊരാളിന്റെയും വ്യക്തിത്വത്തിന്റെ അടിത്തറയാണ് മുത്താക്കും ദന്തനിരകൾ. സാമൂഹ്യഅംഗീകാരത്തിനും, ആരോഗ്യത്തിനും, സൗന്ദര്യത്തിനുമെല്ലാം നല്ല പല്ലുകൾ വേണം.  മഞ്ഞനിറം പിടിച്ചതും, പുള്ളിപ്പൊട്ടുകൾ വീണതുമായ പല്ലുകൾ മറ്റുള്ളവരിൽ വെറുപ്പും അകൽച്ചയും ഉണ്ടാക്കുന്നു. ഇത്തരം ആളുകളുമായി ഇടപഴകാൻ പോലും മറ്റുള്ളവർ അറയ്ക്കുന്നു.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല്ലുകളുടെ പ്രാധാന്യം എടുത്തുപറയേണ്ട ഒന്നാണ്. നല്ല ചിരി സ്ത്രീത്വത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. നല്ല ചിരി വേണമെങ്കിൽ മുത്തുകൾ പോലെയുള്ള പല്ലുകൾ വേണം. ഇന്ന് സ്ത്രീയും പുരുഷനും പുറംലോകവുമായി ഏറെ ബന്ധപ്പെടുന്നവരാണ്. സമൂഹത്തിൽ ഇടപഴകുന്നവരെ സംബന്ധിച്ചിടത്തോളം വായുടെയും പല്ലിന്റെയും വീറും വൃത്തിയും പരിഗണനാർഹമായ ഒരു ഗുണമാണ്. നല്ല  പല്ലും ദുർഗന്ധമില്ലാത്ത വായും, രോഗങ്ങളില്ലാത്ത മോണയും ഏതൊരാളിലും പ്രത്യേക ആത്മധൈര്യം നൽകുന്നു.  പല്ലുകൾ നിരയൊത്തിരിക്കുന്നതുകൊണ്ട് മാത്രമായില്ല. സദാ തിളങ്ങുകതന്നെ വേണം.
ഭക്ഷണം നന്നായി രുചിക്കണമെങ്കിൽ ആരോഗ്യവും ശക്തിയും സൗന്ദര്യവുമുള്ള പല്ലുകൾ വേണം. അവഗണിക്കപ്പെട്ടതും ക്ഷതമേറ്റതുമായ പല്ലുകൾകൊണ്ട് നന്നായി ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാദ്ധ്യമല്ല. എത്ര വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാലും എത്ര പരിഷ്ക്കാരത്തോടെ മുടി ഒതുക്കിയാലും, നന്നായി മേക്കപ്പ് ചെയ്താലും മോശപ്പെട്ട പല്ലാണെങ്കിൽ അത് നമുക്കൊരു കോംപ്ലക്സ് ഉണ്ടാക്കുകതന്നെ ചെയ്യും.  പല്ലുകളിൽ അസുഖങ്ങൾ വരാതിരിക്കാൻ നാമോരോരുത്തരും ദിവസവും അൽപ്പസമയം വിചാരിച്ചാൽ മതി. നിത്യവും അൽപ്പസമയം ശ്രദ്ധിച്ചാൽ മോണരോഗങ്ങളും ദന്തക്ഷയവും നിയന്ത്രിക്കാൻ കഴിയും.  പല്ലുകളിൽ കറുത്ത പാടുകളുണ്ടെങ്കിൽ അത് ദന്തക്ഷയത്തിന്റെ ആരംഭമായി കണക്കാക്കാം. പല്ലുകൾക്കുള്ളിൽ ദ്വാരമുണ്ടാകുന്നതിന്റെ ലക്ഷണമാണിത്.  ദന്തനിര ബലമായി നിൽക്കണമെങ്കിൽ ശക്തമായ അടിത്തറ വേണം. മോണകൾ പല്ലുകളുടെ അടിത്തറയാണ്. മോണകളിൽ അസുഖങ്ങൾ വന്നാൽ പല്ലുകൾ കൊഴിയാൻ അത് കാരണമായിത്തീർന്നുവെന്നുവരാം.
ഇത് മൂലം "വായ്നാറ്റം' എന്ന അവസ്ഥയും ഉണ്ടാകാം. ഇതും മാനസ്സികമായി വിഷമത്തിന് കാരണമായിത്തീരും.
കൃത്യതയോടെ നന്നായി ബ്രഷ് ചെയ്യുക എന്നതാണ് ഇതിനുവേണ്ടുന്ന പ്രധാന പ്രതിവിധി.  നല്ല വ്യക്തതയോടെ സംഭാഷണം ചെയ്യുന്നതിനും പല്ലിന്റെ സഹായം വേണം. പൊടിഞ്ഞ പല്ലുകളും, ഉന്തിയ പല്ലുകളുമെല്ലാം ഭാഷ ഉപയോഗിക്കുന്നതിന് തടസ്സമായി മാറുന്നു. പല അക്ഷരങ്ങളും വഴങ്ങില്ലെന്നുമാത്രമല്ല, വാക്കുകൾ വ്യക്തതയോടെ പുറത്തുവരികയുമില്ല. നല്ല സംഭാഷണരീതി സാമൂഹ്യബന്ധം നിലനിറുത്തുന്നതിൽ വലിയ പ്രാധാന്യമാണ് വഹിക്കുന്നതെന്ന് ഓർക്കുക.  രൂപഭാവങ്ങളിലും സ്വഭാവരീതികളിലുമെല്ലാം വലിയ സ്വാധീനം ചെലുത്താൻ നല്ല പല്ലുകൾക്ക് കഴിയുന്നതിനാൽ പല്ലുകൾ വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ഇപ്പോൾ ഒരു അവബോധം ജനങ്ങൾക്കുണ്ട്. പക്ഷേ, മുൻവരി പല്ലുകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ. മറ്റ് പല്ലുകളുടെ കാര്യത്തിൽ
വേണ്ടത്ര ശ്രദ്ധയുണ്ടോ എന്ന കാര്യം സംശയമാണ്. ഉള്ളിലെ പല്ലുകൾ മോശമായിരുന്നാൽ വായ്നാറ്റം ഉണ്ടാകുമെന്നകാര്യം ആരും വിസ്മരിക്കണ്ട. ഇതാകട്ടെ ശ്വാസത്തെപ്പോലും ദുർഗ്ഗന്ധമയമാക്കുന്നു. ഭക്ഷണം ചവച്ചരയ്ക്കാൻ പിൻഭാഗത്തെ അണപ്പല്ലുകൾക്കാരോഗ്യം വേണമെന്നും ഓർക്കുക. ഇന്ന് ദന്തശാസ്ത്രം വളരെയധികം പുരോഗമിച്ചിരിക്കുന്നു. നിരതെറ്റിയിരിക്കുന്ന പല്ലുകൾ മാറ്റാനും കോമ്പല്ലുകൾ മാറ്റാനും, മുച്ചിറി തുടങ്ങിയ അവസ്ഥകൾക്ക് പരിഹാരം കാണാനും താടി എല്ലുകളുടെ കോട്ടം മാറ്റാനും ഇന്ന് കഴിയുന്നു. ഓർത്തഡോൺ ടിക്ക് ട്രീറ്റ്മെന്റ് വഴി അത്ഭുതങ്ങൾ ചെയ്യാൻ ദന്തചികിത്സാവിദഗ്ദന്മാർക്ക് കഴിയുന്നു.  കോസ്മറ്റിക്ക് ദന്തസി ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. മുൻനിരപല്ലുകൾ സൗന്ദര്യാത്മകമായി ക്രമീകരിക്കുന്ന രീതിയാണിത്. പല്ല് ഉന്തി ഇരിക്കുക, പല്ല് നിരതെറ്റി വളരുക തുടങ്ങിയ വൈകൃതങ്ങൾ ഇത്വഴി മാറ്റിയെടുക്കാൻ കഴിയുന്നു. നിരവധിപ്പേർ ഇന്ന് കോസ്മറ്റിക്ക് സർജറിക്ക് വിധേയമാകുന്നുണ്ട്. പല്ലുകൾ മനോഹരമായി ക്രമീകരിക്കാൻ ഇതുമൂലം കഴിയുന്നു. പല്ലുകളുടെ നിറം മാറ്റി പൂർണ്ണമായും വെള്ള നിറമാക്കി മാറ്റിയെടുക്കാനും സാധിക്കുന്നു.
സാമൂഹ്യ ജീവിതത്തിലും, തൊഴിൽപരമായ ജീവിതത്തിലും, വ്യക്തിപരമായ ഇടപെടലുകളിലും രൂപഭാവങ്ങൾക്ക് വലിയ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നല്ല പല്ലുകൾ ആരോഗ്യത്തിന്റെ ലക്ഷണമാണ്. സൗന്ദര്യത്തിന്റെയും സുപ്ധാനഘടകമാണ്. അതിനാൽ പല്ലുകളുടെകാര്യത്തിൽ ഏവരും പ്രത്യേകശ്രദ്ധ തന്നെ പുലർത്തേണ്ടതാണ്. 



Post a Comment

0 Comments